Embed HTML not available.
03
Jan

കേരളത്തിൽ എത്ര മലയാളമുണ്ട്?

കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?എന്നത് പഴയ ഒരു ജോൺ ഏബ്രഹാം ചോദ്യമാണ്.അതുപോലെ,ഇപ്പോൾ ചോദിക്കാവുന്ന മറ്റൊരു ചോദ്യമാണ് കേരളത്തിൽ എത്ര മലയാളമുണ്ട്?.മുമ്പ് തെക്കൻ തിരുവിതാംകൂർ മലയാളം,ഓണാട്ടുകര മലയാളം,മധ്യതിരുവിതാംകൂർ മലയാളം,തൃശൂർ മലയാളം,വള്ളുവനാടൻ മലയാളം,മലബാർ മലയാളം,അത്യുത്തര കേരള മലയാളം പിന്നെ വേറെ ചിലതും കാണാം.അങ്ങനെ കുറച്ച് മലയാളങ്ങളേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ,ഇപ്പോൾ ഒരോ ചാനലിനും ഒരോ പത്രത്തിനും ഓരോ മലയാളമാണ്.ചിലർക്ക് ജില്ലാ കലക്ടർ ആണെങ്കിൽ ചിലർക്ക് ജില്ല കലക്ടറാണ്.ചിലർക്ക് അംഗനവാടിയാണെങ്കിൽ ചിലർക്കത് അങ്കണവാടിയാണ്.ചിലർക്ക് സി.പി.എമ്മും കെ.പി.സി.സിയും ആണെങ്കിൽ മറ്റു ചിലർക്ക് സിപിഎമ്മും കെ പി സി സിയും ആണ്.ഇങ്ങനെ പല പത്രങ്ങൾ വായിക്കുന്ന  ഒരാൾ വാർത്തകളെക്കുറിച്ചുള്ള ആശയക്കുഴപ്പം മാത്രമല്ല,ഭാഷയെക്കുറിച്ചുള്ള ആശയക്കുഴപ്പവും കൂടി ബാക്കിയായിട്ടാവും പത്രം മടക്കിവെക്കുക.
ജില്ലാ കലക്ടറാണോ ശരി,ജില്ല  കലക്ടറാണോ ശരി,കുത്തില്ലാത്ത സിപിഎമ്മും കെ പി സി സിയും ആണോ അതോ കുത്തുള്ള സി.പി.എമ്മും കെ.പി.സി.സിയും ആണോ ശരി?
കഴിഞ്ഞ ദിവസം കേരള മീഡിയ അക്കാദമി ‘മാധ്യമ ഭാഷ,വട്ടമേശ സമ്മേളനം’ സംഘടിപ്പിച്ചതായി കണ്ടു. ഇത്തരം ഭാഷാ പ്രശ്നങ്ങൾക്കുകൂടി  പരിഹാരം കണ്ടെത്തി ‘നല്ല മലയാള’ത്തിലേക്ക് മലയാളിയെ എത്തിക്കാൻ ഇത്തരം സംരംഭങ്ങൾക്കു കഴിഞ്ഞാൽ,അത് ഭാഷക്കു ചെയ്യുന്ന വലിയ സംഭാവനയായിരിക്കും.