സാഹിത്യം ജീവിതത്തില്‍നിന്ന് അകലുന്ന കാലം – ബി എം സുഹറ
കാഴ്ചയില്‍ മാത്രം അഭിരമിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളതെന്ന് എഴുത്തുകാരി ബി എം സുഹറ. നാം മലയാളികള്‍ കാഴ്ചകളെ അന്തമായി പ്രണയിക്കുന്നവരായി മാറിയിരിക്കുന്നു. അതിനാലാണ് എഴുത്തുകാര്‍ക്ക് പലപ്പോഴും വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തത്. സീരിയല്‍ ചെയ്യുന്നവര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം ലഭിക്കുന്ന സ്വീകാര്യത എഴുത്തുകാര്‍ക്ക് ഇന്ന് ഇല്ലാതായിരിക്കുന്നു.
മയക്കുമരുന്ന് ഉള്‍പെടെയുള്ളവ ഉപയോഗിക്കുന്നത് സാഹസികതയായാണ് ന്യൂ ജനറേഷന്‍ സിനിമകളില്‍ അടയാളപ്പെടുത്തപ്പെടുന്നത്. തിയേറ്ററില്‍ മികച്ച രീതിയില്‍ വിജയിച്ച ചിത്രമാണ് ‘ദൃശ്യം’. പക്ഷേ, അത് മുന്നോട്ടുവെക്കുന്ന സന്ദേശം എന്താണ്. കൊലപാതകം വിദഗ്ധമായി മറച്ചുവെക്കേണ്ട ഒന്നാണന്നല്ലേ?. പോലീസിനെ ഇടിച്ചിട്ട് നെഞ്ചുവിരിച്ചു നടക്കുന്ന ഗുണ്ടയെ അവതരിപ്പിക്കുന്ന സിനിമയും സമൂഹത്തിന് നല്‍കുന്നത് നല്ല സന്ദേശമല്ല.
ലൈവായി നില്‍ക്കുന്ന കാര്യങ്ങളിലാണ് ആളുകള്‍ക്ക് താല്‍പര്യം. നോവല്‍, കവിത, കഥ എന്നിവയെല്ലാം ആസ്വദിച്ച് സ്വന്തമായ കാല്‍പനിക ലോകം സൃഷ്ടിക്കുന്നവര്‍ സാധാരണക്കാര്‍ക്കിടയില്‍ കുറഞ്ഞു വരുന്നില്ലെയെന്ന് തോന്നിയിട്ടുണ്ട്. കാല്‍പനികതയുടെ ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കുറഞ്ഞുവരികയാണ്.
പണ്ട് പ്രണയമെന്നത് ഏറെ മറച്ചു പിടിക്കപ്പെട്ട വികാരമായിരുന്നു. പ്രണയിക്കുന്നവര്‍ പോലും ചിലപ്പോള്‍ അത് പരസ്പരം അറിഞ്ഞെന്നുവരില്ല. ഇന്നത് പരസ്യമായി ചെയ്യേണ്ടതാണെന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. പരസ്യമായി ചുംബിച്ചാണോ നാം സ്വതന്ത്രരാവേണ്ടതെന്നാണ് ഈയിടെ നടന്ന ചില സംഭവങ്ങള്‍ എന്നോട് ചോദിച്ചത്.
മൂല്യച്ച്യുതിയെന്നത് സകലതിനെയും ബാധിച്ചിരിക്കുന്നു. എഴുത്തുകാര്‍ക്കിടയില്‍ പോലും ഇന്ന് സൗഹൃദം നേര്‍ത്തുപോയിരിക്കുന്നു. തനിക്ക് എങ്ങനെ സ്ഥാനമാനങ്ങള്‍ നേടാം. അംഗീകാരം നേടാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ ആരും സന്തുഷ്ടരല്ലെന്ന സ്ഥിതി അപകടം പിടിച്ചതാണ്.
മനുഷ്യ മനസ്സില്‍ ഇരുട്ട് മാത്രംഅവശേഷിക്കുന്ന ഒരു സ്ഥിതി സംജാതമായിരിക്കുന്നു. ഈ ഇരുട്ടിനോടുള്ള പ്രതിഷേധമാണ് പല യുവ എഴുത്തുകാരും കഥയിലൂടെയും കവിതയിലൂടെയും പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്. പുതിയ പല സൃഷ്ടികളും പരിശോധിച്ചാല്‍ പ്രമേയം നല്ലത്, ഭാഷ നല്ലത്, അവതരണം നല്ലത് എന്നെല്ലാം തോന്നുമ്പോഴും എന്തോ ഒന്നിന്റെ കുറവുള്ളതായി പലപ്പോഴും അനുഭവപ്പെടുന്നു.
ചില നോവലും കഥകളുമെല്ലാം ഗംഭീരമായാണ് എഴുതി തുടങ്ങുക. എന്നാല്‍ പലപ്പോഴും അവസാനിപ്പി ക്കേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതിന്റെ പ്രശ്‌നങ്ങള്‍ കാണാം. വലിയ ക്യാന്‍വാസില്‍ ഏറെ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നതെന്നും ബി എം സുഹറ പറയുന്നു.
0 comments