09
Mar

കാപ്പാട് എന്ന ബ്ലൂ ഫ്‌ളാഗ് ബീച്ച്

കോഴിക്കോട് നഗരത്തില്‍നിന്നു 18 കിലോമീറ്റര്‍ വടക്കായുള്ള കടല്‍ത്തീരമാണ് കാപ്പാട്. സാമൂതിരിയുടെ കാലഘട്ടത്തില്‍ കുഞ്ഞാലിമരക്കാര്‍മാര്‍ കടല്‍ കാത്തിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളും അയവിറക്കാനുണ്ടാവും കാപ്പാട്ടെ തൂവപ്പാറയെന്ന കടലിലേക്കു ഇറങ്ങിനില്‍ക്കുന്ന പാറക്കൂട്ടത്തിനും ഇവിടുത്തെ ഓരോ തരി മണലിനും. 

മലബാറിലെ കടല്‍ത്തീരങ്ങളില്‍ അത്തരമൊരു കൂറ്റന്‍പാറ കണ്ടെത്താനാവില്ല. വാസ്‌ഗോഡ ഗാമ 1498ല്‍ കപ്പലിറങ്ങിയത് ഈ തീരത്താണെന്നാണ് അനുമാനിക്കപ്പെടുന്നത്. റോഡ് വികസനമെല്ലാം സംഭവിക്കുന്നതിന് മുന്‍പ് കാപ്പാട്ടേക്കുള്ള തീരദേശ റോഡരുകില്‍ ഗാമയുടെ കേരളത്തിലേക്കെത്തിയ ചരിത്രത്തിന്റെ ശേഷിപ്പായി ഒരു ഫലകം സൂക്ഷിച്ചിരുന്നു. ഇതുവഴി സഞ്ചരിച്ചിരുന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായിരുന്നു അത്. ഇന്ന് അത് മാറ്റിയിരിക്കുന്നു. 

മൂന്നു പതിറ്റാണ്ടു മുന്‍പ് ടാര്‍ചെയ്ത നേര്‍ത്ത ഒരു റോഡായിരുന്നു ദേശീയപാതയില്‍ കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിലെ തിരുവങ്ങൂരില്‍ (കോഴിക്കോട്ടുനിന്നു 16 കിലോമീറ്റര്‍ ദൂരെ) നിന്നു കാപ്പാട്ടേക്കു നീണ്ടുകിടന്നത്. രണ്ടു കിലോമീറ്ററോളം റോഡ് ആദ്യം കിഴക്കു പടിഞ്ഞാറായും പിന്നീട് കടല്‍ക്കരയിലൂടെ തെക്കുവടക്കായും നീണ്ടുപോകുന്നു. ആ റോഡ് അന്ന് കാപ്പാട് തീരത്തിന്റെ അന്നത്തെ അതിരായ തൂവപ്പാറയുടെ താഴ്ഭാഗത്ത് അവസാനിക്കുമായിരുന്നു. 

ഇന്ന് കപ്പാട് ആകെ മാറിയിരിക്കുന്നു. മയ്യഴിപ്പുഴയുടെ തീരത്ത് ദേശീയപാതയോടു തൊട്ടുകിടക്കുന്ന പുഴക്കരയിലെ ഉദ്യാനത്തിന്റെ മാതൃകയിലാണ് കാപ്പാട്ടും ഇന്ന് കാണുന്ന നീളമുള്ള ഉദ്യാനം മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നത്. റോഡിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മുന്‍പുള്ളതിനെ അപേക്ഷിച്ച് കുറേക്കൂടി വീതി ഉണ്ടായിരിക്കുന്നു. അന്നുണ്ടായിരുന്ന പാറമട ഇന്നും ജലം നിറഞ്ഞു കിടക്കുന്നു. പണ്ട് സമീപത്തെ കുട്ടികളെല്ലാം കൂട്ടത്തോടെ ആര്‍ത്തുല്ലസിച്ചിരുന്ന ആ പാറക്കുളം ഇന്ന് ഏറെക്കുറേ ഉപേക്ഷിച്ച നിലയിലായിരിക്കുന്നു. അന്നുള്ള വീതിയും ഭംഗിയുമെല്ലാം അതിന് കൈമോശം സംഭവിച്ചിരിക്കുന്നു. അവയുടെ സമീപത്തെല്ലാം വന്‍കിട റിസോര്‍ട്ടുകളാണ് ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. 

വികസന പ്രവര്‍ത്തനം വേണ്ട രീതിയിലല്ല നടത്തിയതെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇവിടെ പത്തു മീറ്ററോളം ദൂരത്തില്‍ കടല്‍ഭിത്തി തകര്‍ന്നിരിക്കുന്നു. റോഡിലേക്കു കടല്‍കയറി നാശമുണ്ടാവാതിരിക്കാനായി കെട്ടിയ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുകിടക്കുന്നത്. ആ നിര്‍മാണം ഏതു രീതിയിലാണ് നടന്നിരിക്കുകയെന്നു ഏതൊരാള്‍ക്കും ബോധ്യമാക്കിക്കൊടുക്കാനെന്ന നിലയില്‍ അതിവിടെ തകര്‍ന്നടിഞ്ഞു കിടക്കുന്നു. 

കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ 24 കിലോമീറ്റര്‍ മാറിയുള്ള കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. കപ്പാട്ടുനിന്നു 10 കിലോമീറ്ററോളമാണ് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ദൂരം. ദേശീയപാതയിലൂടെ സഞ്ചരിച്ച് തിരുവങ്ങൂരെത്തിയാണ് റോഡ് വഴി കപ്പാട്ടേക്കുള്ള പാത. ദേശീയ പാതയില്‍നിന്നു അല്‍പം പടിഞ്ഞാറുമാറിയുള്ള റെയില്‍വേ ട്രാക്കും ഗേറ്റും കടന്നുവേണം കപ്പാട് ബീച്ചിലേക്കു ചെന്നെത്താന്‍. 

വ്‌സകോഡ ഗാമ ഉള്‍പ്പെട്ട 170 അംഗ സംഘം കേരളതീരം തൊട്ടതില്‍സപിന്നെ നമ്മുടെ ചരിത്രം മാറിമറിഞ്ഞെന്നതും ഇവിടിക്കേുള്ള യാത്രയില്‍ ഏതൊരു ഇന്ത്യക്കാരനും ഓര്‍ക്കേണ്ടതാണ്. വിദേശാധിപത്യത്തിന്റെ നൂറ്റാണ്ടിലേക്കു ഇന്ത്യയെ കൊണ്ടുപോയത് ഈ കാലടിപ്പാടുകളിലൂടെയായിരുന്നു. ചരിത്ര നഗരമായ കോഴിക്കോട്ടേക്കെത്തുന്ന ഏതൊരാളും തങ്ങളുടെ സന്ദര്‍നം പൂര്‍ണ്ണമാവണമെങ്കില്‍ ചരിത്രത്തെയും രാജ്യത്തിന്റെ ഭൂപടം കീഴ്‌മേല്‍ മറിച്ച ഗാമയുടെ പാദം പതിഞ്ഞ ഈ പ്രദേശംകൂടി സന്ദര്‍ശിക്കണം. 

സുരക്ഷ, ജനകീയത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിച്ചാണ് ഒരു കടല്‍ത്തീരത്തിന് രാജ്യാന്തര പ്രശസ്തമായ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഇന്ത്യയില്‍ 10 ബീച്ചുകള്‍ മാത്രമേ ഈ പദവിക്ക് അര്‍ഹതനേടിയിട്ടുള്ളൂവെന്ന് അറിയുമ്പോഴാണ് ശാന്തസുന്ദരമായ ഈ മനോഹര തീരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടൂ. കേരളത്തില്‍നിന്നു കാപ്പാടെന്ന ഒരു കടല്‍ത്തീരം മാത്രമാണ് ഈ പദവിയില്‍ എത്തിനില്‍ക്കുന്നത്. കാപ്പാടിനെ അപേക്ഷിച്ച് ഏറെ പ്രശസ്തവും വിദേശികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തുന്നതുമായ കോവളത്തിനുപോലും ഈ പദവിയില്ലെന്നു ഓര്‍ക്കണം. തമിഴ്‌നാട്ടിലെ കോവാലം, ഒഡിഷയിലെ പുരിയിലുള്ള ഗോള്‍ഡണ്‍ ബീച്ച്, അന്തമാനിലെ രാധാ നഗര്‍ തുടങ്ങിയവയാണ് ഈ പട്ടികയില്‍ വരുന്നത്. രാജ്യാന്തര തലത്തില്‍പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എജ്യുക്കേഷനാണ് ബ്ലൂ ഫ്‌ളാഗ് സമ്മാനിക്കുന്നത്.